Sunday, November 26, 2023

പണിയില്ലാത്തവന്റെ പണി

 


വായനശാലയിലെ അരണ്ടവെളിച്ചത്തില്‍,
മൂകമാം ഇരിപ്പിടത്തിലഭയം.
നഗരംകേറാ മൂലയില്‍ ഇഴഞ്ഞും,
മൈതാനച്ചെറുവിലാകാശം നോക്കിയിരുന്നും.
രാവേറായാകുമ്പോള്‍ കൂരയണയുന്നവന്‍,
കുരയ്ക്കാത്ത പട്ടിയെപ്പോല്‍ ചുരുണ്ടുകൂടിയങ്ങനെ.
സൂര്യനുദിച്ചാലും നേരം വെളുക്കാത്തവന്‍
അലസതയില്‍ പുതഞ്ഞ് വിരസതയില്‍ അലിഞ്ഞ്,
നിഴലുകടത്തി കാലം കഴിപ്പവന്‍.
ഭൂതകാലത്തീച്ചുളയില്‍ എരിയാതെ,
ഭാവിയെക്കുറിച്ചാശങ്കയേതുമില്ലാതെ,
സുഖം സ്വസ്ഥം വര്‍ത്തമാനജീവിതം.
തിരയെണ്ണിയും മണലെണ്ണിയും,
തീരത്തോടു മല്ലടിക്കുന്നവന്‍.
ആയിരത്തിലൊരുവനായി,
ആരാലും തീരിച്ചറിയാതെ
ആരെയും മറിച്ചറിയാതെ.
ഭ്രാന്തില്ലാത്ത ഭ്രാന്തനെപ്പോല്‍
മുഷിഞ്ഞും തേഞ്ഞുമുടയാടകള്‍
തിരക്കേതുമില്ല, തിക്കിലെവിടേയുമില്ല....